പാക്കിസ്ഥാനുമായി യുദ്ധം പ്രവചിക്കുക ദുഷ്കരം: ബിപിൻ റാവത്ത്
Monday, January 20, 2020 11:34 PM IST
തഞ്ചാവൂർ: പാക്കിസ്ഥാനുമായി യുദ്ധം പ്രവചിക്കുക ദുഷ്കരമാണെന്നും ഏതു തരം വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്. തഞ്ചാവൂർ വ്യോമസേനാ താവളത്തിൽ സുഖോയ്-30 എംകെഐ യുദ്ധവിമാന സ്ക്വാഡ്രൺ കൂട്ടിച്ചേർക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു സാഹചര്യവും നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാണ്. പാക്കിസ്ഥാനുമായി യുദ്ധം പ്രവചിക്കുക അസാധ്യമാണെന്നും ജനറൽ റാവത്ത് കൂട്ടിച്ചേർത്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം റാവത്ത് തള്ളിക്കളഞ്ഞു. എല്ലാ രാജ്യങ്ങളും അവരുടെ സുരക്ഷയ്ക്കു തന്ത്രപ്രധാനമാർഗങ്ങൾ സ്വീകരിക്കുമെന്നും റാവത്ത് വിശദീകരിച്ചു.
കര, നാവിക, വ്യോമ സേനകളുടെ സംയുക്ത തലവനായ സിഡിഎസ് പദവിയിൽ ആദ്യമായി നിയമിതനാകുന്ന വ്യക്തിയാണ് ജനറൽ റാവത്ത്.
ഉപഭൂഖണ്ഡത്തിൽ വ്യോമസേനയെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തഞ്ചാവൂർ വ്യോമതാവളത്തിലേക്ക് സുഖോയ്-30 എംകെഐ കൂട്ടിച്ചേർത്തതെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബദൗരിയ പറഞ്ഞു.
തഞ്ചാവൂരിലെ ടൈഗർ ഷാർക്ക് സുഖോയ് സ്ക്വാഡ്രണിൽ ബ്രഹ്മോസ് മിസൈലും ഘടിപ്പിച്ചിട്ടുണ്ട്.