പിഎംജെവികെ വ്യാപിപ്പിക്കണം: കേന്ദ്രമന്ത്രി
Thursday, February 20, 2020 12:16 AM IST
ഭുവനേശ്വർ: പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രമിന്റെ കീഴിൽ വരുന്ന പദ്ധതികൾ സംസ്ഥാന തലസ്ഥാനങ്ങളിലേക്കും മെട്രോപൊലീറ്റൻ നഗരങ്ങളിലേക്കും വ്യാപിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാഭ്യാസം, സ്ത്രീ ശക്തീകരണം എന്നീ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം നഗരങ്ങളിലും ആവശ്യമാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് എഴുതിയ കത്തിൽ പ്രധാൻ വ്യക്തമാക്കി. കത്തിന്റെ ഒരു പകർപ്പ് മാധ്യമങ്ങൾക്കും നൽകിയിട്ടുണ്ട്. ജനസംഖ്യയിൽ 25 ശതമാനം ന്യൂനപക്ഷങ്ങൾ വരുന്ന പ്രദേശത്താണ് പിഎംജെവികെ പദ്ധതിയുടെ കീഴിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ്പദ്ധതികൾ നടപ്പിലാക്കുന്നത്.
വിദ്യാർഥികളും ആളുകളും മികച്ച അവസരങ്ങൾക്കായി എത്തുന്ന പ്രദേശങ്ങളിൽ വനിതാ ഹോസ്റ്റലുകൾ, സ്കൂളുകൾ, നൈപുണ്യ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കണമെന്ന് പ്രധാൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കായി ഭുവനേശ്വറിൽ ഒരു വനിതാ ഹോസ്റ്റൽ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപപ്പെട്ടു. ബദ്രാക് ജില്ലയിൽ ഒരു മെഡിക്കൽ കോളജ് ആരംഭിക്കാനായി വിശദമായ പദ്ധതിരേഖ കേന്ദ്രത്തിനു സമർപ്പിക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് പ്രധാൻ ആവശ്യപ്പെട്ടു.