വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയ്ക്ക് 25-ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ സ്മരണാഞ്ജലി
Wednesday, February 26, 2020 12:31 AM IST
ഇന്‍ഡോര്‍ (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ 25-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു. റാണി മരിയയുടെ കബറിടമുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്നഗറിലെ വാഴ്ത്തപ്പെട്ട റാണി മരിയ പള്ളിയിലായിരുന്നു അനുസ്മരണ ശുശ്രൂഷകള്‍. 25-ാം വാര്‍ഷികത്തെ അനുസ്മരിപ്പിച്ചു 25 ഗ്രാമവാസികളുടെ പരമ്പരാഗത നൃത്തത്തോടെയാണ് ശുശ്രൂഷകള്‍ക്കു തുടക്കമായത്.
ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വചനസന്ദേശം നല്കി.
പുണ്യജീവിതം നയിച്ചവരുടെ രക്തസാക്ഷിത്വങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്കു കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ ഇന്‍ഡോറിലെയും പരിസരങ്ങളിലെയും ഗ്രാമീണ ജനതയില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. ഉത്തരേന്ത്യയില്‍ സഭയുടെ പ്രേഷിത ശുശ്രൂഷകള്‍ക്കു സാമൂഹ്യമാനം നല്കാന് സിസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ജാബുവ ബിഷപ് ഡോ. ബേസില്‍ ഭൂരിയ, ഖാണ്ഡുവ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ദുരൈരാജ്, സത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, അജ്മീര്‍ ബിഷപ് ഡോ. പയസ് ഡിസൂസ എന്നിവര്‍ സഹകാര്‍മികരായി. അമ്പതോളം വൈദികരും നൂറുകണക്കിനു സമര്‍പ്പിതരും കേരളത്തില്‍നിന്നുള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തി.
സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു സിസ്റ്റര്‍ എലൈസ് മേരി തയാറാക്കിയ ‘പാവങ്ങളുടെ പ്രിയപ്പെട്ടവള്‍’ എന്ന ഗ്രന്ഥം, റാണി മരിയയുടെ സഹോദരന് സ്റ്റീഫന്‍ വട്ടാലിലിനു നല്കി എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് പ്രകാശനം ചെയ്തു. സിസ്റ്റര്‍ റാണി മരിയയ്ക്കൊപ്പം സേവനം ചെയ്ത 25 പേരെ ചടങ്ങില്‍ ആദരിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ മാനസാന്തരപ്പെട്ട ഘാതകന് സമന്ദര്‍ സിംഗും പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
1995 ഫെബ്രുവരി 25നാണു മധ്യപ്രദേശിലെ ഉദയ്നഗറില്‍ ബസ് യാത്രയ്ക്കിടെ സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയാണു വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ.
പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ ഇന്നലെ നടന്ന വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷം നടത്തി. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രദക്ഷിണവും ഉണ്ടായിരുന്നു.