രാജ്യത്ത് കോവിഡ് ബാധിതർ 4000 കടന്നു; മരണം 129
Tuesday, April 7, 2020 12:12 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 4693 ആയി. ഇതിൽ 1445 പേർക്ക് വൈറസ് ബാധയുണ്ടായത് നിസാമുദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഞായറാഴ്ച രാജ്യത്ത് 693 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ എണ്ണം 129 ആയെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്തെ കോവിഡ് ബാധിതരിൽ 76 ശതമാനം പുരുഷൻമാരും 24 ശതമാനം സ്ത്രീകളുമാണ്.
കോവിഡ് ബാധിച്ചു മരിച്ചവരിൽ 86 ശതമാനം ആളുകളും മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നവരാണ്. അസുഖ ബാധിതരിൽ 63 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്. 30 ശതമാനം 40നും 60നും വയസിനിടയിലുള്ളവരാണ്.
ഏഴ് ശതമാനം ആളുകൾ 40 വയസിൽ താഴെയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിൽ മാത്രം ഇന്നലെ 24 മണിക്കൂറിനുള്ളിൽ പുതിയ 20 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുമെന്നും ആശങ്കപ്പെടാനില്ലെന്നും എല്ലാവരും ലോക്ക് ഡൗണ്‍ നിർദേശങ്ങൾ പാലിക്കണമെന്നും കേജരിവാൾ പറഞ്ഞു. ഡൽഹിയിൽ ഇതുവരെ ആകെ 523 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.