കോണ്‍ഗ്രസ്: സോണിയ തുടരുമെന്നു സിംഗ്വി
Monday, August 10, 2020 12:52 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു വരെ സോണിയാ ഗാന്ധി പാർട്ടി അധ്യക്ഷയായി തുടരുമെന്ന് എഐസിസി വക്താവ് അഭിഷേഖ് മനു സിംഗ്വി. താത്കാലിക അധ്യക്ഷയായി സോണിയയുടെ ഒരു വർഷത്തെ കാലാവധി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു വിശദീകരണം. പുതിയ നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാനായി പാർട്ടിയുടെ ഉന്നതസമിതിയായ കോണ്‍ഗ്രസ് പ്രവർത്തക സമിതി ഉടൻ പുനഃസംഘടിപ്പിക്കാൻ കൂടിയാലോചന സജീവമാക്കിയിട്ടുണ്ട്.
ആരോഗ്യനില കണക്കിലെടുത്തു കൂടുതൽ കാലം പാർട്ടി അധ്യക്ഷയായി തുടരാൻ സോണിയയ്ക്കു താത്പര്യമില്ല. എന്നാൽ രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു പാർട്ടി പ്രസിഡന്റിനെക്കുറിച്ചു ഇനിയും സമവായമില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നു പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ രാഹുൽ പദവിയിൽ തിരിച്ചെത്താൻ ഇനിയും തയാറാകാത്തതാണു പ്രതിസന്ധിക്കു വഴിതെളിച്ചത്. എന്നാൽ പദവിയില്ലാതെ തന്നെ രാഹുൽ പാർട്ടിയുടെ തലപ്പത്ത് തുടരുകയും ചെയ്യുന്നു.
കോണ്‍ഗ്രസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ മുഴുവൻസമയ പ്രസിഡന്റ് ഉണ്ടാകും. താത്കാലിക അധ്യക്ഷയായുള്ള കാലാവധി ഇന്ന് അവസാനിക്കും. പക്ഷേ സ്വാഭാവികമായും പദവി ഒഴിഞ്ഞു കിടക്കില്ല. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു വരെ സോണിയ അധ്യക്ഷയായി തുടരും- സിംഗ്വി വ്യക്തമാക്കി.
പുതിയ നേതാവ് വേണം: തരൂർ
ഇതിനിടെ, പുതിയ മുഴുസമയ പാർട്ടി പ്രസിഡന്റിനെ കണ്ടെ ത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കേണ്ട തുണ്ടെ ന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി പറഞ്ഞു. ലക്ഷ്യബോധമില്ലാതെ അലയുകയാണു പാർട്ടിയെന്നതു തെറ്റിദ്ധാരണാജനകമാണ്. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതിനെക്കുറിച്ചു വ്യക്തത ഉണ്ടാകണം. ഇടക്കാല പ്രസിഡന്റായി സോണിയാജിയെ നിയമിച്ചതിനെ സ്വാഗതാർഹമാണ്. പക്ഷേ ഈ ഭാരം അവർ അനിശ്ചിതമായി വഹിക്കുമെന്നു പ്രതീക്ഷിക്കുന്നത് അനീതിയാണെന്നു വിശ്വസിക്കുന്നതായി തരൂർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ