ഹിന്ദു പിന്തുടർച്ചാ നിയമം: മകൾക്കു പിതൃസ്വത്തിൽ തുല്യ അവകാശം
Wednesday, August 12, 2020 12:26 AM IST
ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാ നിയമ പ്രകാരം മകനെപ്പോലെ മകൾക്കും പിതാവിന്റെ സ്വത്തുക്കളിൽ തുല്യ അവകാശമുണ്ടെന്നു സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാ നിയമ ഭേദഗതി പ്രാബല്യത്തിലായ 2005 നു മുന്‍പ് പിതാവ് ജീവനോടെയുണ്ടെ ങ്കിലും ഇല്ലെങ്കിലും മകൾക്ക് അവകാശം ഉന്നയിക്കാൻ മുൻകാല പ്രാബല്യമുണ്ടെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005ൽ ഭേദഗതി ചെയ്തതിനെ തുടർന്ന് പെണ്മക്കൾക്കു പിതാവിന്റെ സ്വത്തിൽ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാൽ, പെണ്മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ ഒൻപതിനു പിതാവ് ജീവിച്ചിരിക്കണമെന്ന് 2015ൽ ജസ്റ്റീസുമാരായ അനിൽ ആർ. ദവെയും എ.കെ. ഗോയലും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2018ൽ ജസ്റ്റീസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ച്, പിതാവിന്റെ സ്വത്തിൽ മകനുള്ള അവകാശം മകൾക്കുമുണ്ടെന്നു വിധിയെഴുതിയപ്പോൾ മറ്റൊരു ബെഞ്ച് വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചു.
2015ലെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിന് അനുകൂലമായാണ് ജസ്റ്റീസ് ആർ.കെ. അഗർവാളും എ.എം. സപ്രേയും ഉത്തരവിട്ടത്. വിവിധ രണ്ടംഗ ബെഞ്ചുകൾ വ്യത്യസ്ത വിധികൾ പ്രസ്താവിച്ച സാഹചര്യത്തിലാണ് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തുകയും ഇന്നലെ നിർണായക വിധി പുറപ്പെടുവിക്കുകയും ചെയ്തത്.