കാർഷിക ബില്ലിൽ ഒപ്പിടരുത്; രാഷ്ട്രപതിക്കു മുന്നിൽ പ്രതിപക്ഷം
Thursday, September 24, 2020 12:39 AM IST
ന്യൂഡൽഹി: വിവാദ കാർഷിക ബില്ലിൽ ഒപ്പു വയ്ക്കരുതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംയുക്ത പ്രതിപക്ഷം കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് എംപിയുമായ ഗുലാം നബി ആസാദിന് മാത്രമാണ് അനുമതി കിട്ടിയത്. മൂന്ന് കാർഷിക ബില്ലുകളിലും ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി ഗുലാം നബി ആസാദ് പറഞ്ഞു. സംയുക്ത പ്രതിപക്ഷത്തിന്റെ നിവേദനവും രാഷ്ട്രപതിക്ക് നൽകി.
ബില്ലുകൾ ഭരണഘടന വിരുദ്ധമായാണ് പാസാക്കിയതെന്നും അതിനാൽ മടക്കി അയയ്ക്കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ബില്ലുകൾ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ഇത് കണക്കിലെടുക്കുക പോലും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം എംപി എളമരം കരീം, സിപിഐ എംപി ബിനോയ് വിശ്വം, കേരള കോണ്ഗ്രസ് എം എംപി ജോസ്.കെ മാണി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിവാദ കാർഷിക ബില്ലുകൾക്കെതിരേ പാർലമെന്റ് വളപ്പിൽ സംയുക്ത പ്രതിപക്ഷം ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ എംപിമാർ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധ മാർച്ച നടത്തി.
കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയളവ് കഴിയുന്നതു വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ പ്രധാനപ്പെട്ട മൂന്ന് തൊഴിൽ ബില്ലുകൾ അടക്കം പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി സഭ ബഹിഷ്കരിച്ചത്.
സെബി മാത്യു