മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലി; തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ
Saturday, October 24, 2020 1:03 AM IST
ന്യൂഡൽഹി: കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു റാലികൾ നടത്തുന്നതു തടഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ തെരഞ്ഞെടുപ്പുകമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.
ഒൻപതു ജില്ലകളിലെ തെരഞ്ഞെടുപ്പു റാലികളാണ് ഹൈക്കോടതിയുടെ ഗ്വാളിയർ ബെഞ്ച് വിലക്കിയത്. ഇതിനെതിരെ രണ്ട് ബിജെപി സ്ഥാനാർഥികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
28 സീറ്റുകളിലാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പാർട്ടികൾ പൊതുസമ്മേളനം നടത്തുന്നതിനും റാലികൾ സംഘടിപ്പിക്കുന്നതിനും അനുമതി നൽകരുതെന്നു ജില്ലാ മജിസിട്രേറ്റുമാർക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
എന്നാൽ, കോടതി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഇടപെടുകയാണെന്നാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ആരോപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വ്യക്തമാക്കിയിട്ടുണ്ട്.