ബിഹാറിൽ ആദ്യഘട്ടം പരസ്യപ്രചാരണം സമാപിച്ചു; വോട്ടെടുപ്പ് നാളെ
Tuesday, October 27, 2020 12:38 AM IST
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ടം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. 71 മണ്ഡലങ്ങളിലേക്കു നാളെയാണ് വോട്ടെടുപ്പു നടക്കുക. ബിജെപി-ജെഡി-യു സഖ്യവും ആർജെഡി-കോൺഗ്രസ്-ഇടത് സഖ്യവും മിക്ക മണ്ഡലങ്ങളിലും നേർക്കുനേർ പോരാട്ടത്തിലാണ്. ജെഡി-യു മത്സരിക്കുന്ന സീറ്റുകളിൽ ചിരാഗ് പസ്വാൻ നേതൃത്വം നൽകുന്ന എൽജെപി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു.
എൻഡിഎ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാസഖ്യത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിനെത്തിയിരുന്നു. എൻഡിഎ സഖ്യത്തിനു നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി നിതീഷ്കുമാറാണ്.
ബിജെപി വലിയ ഒറ്റക്കക്ഷിയായാലും മുഖ്യമന്ത്രിസ്ഥാനം നിതീഷിനുതന്നെയെന്നു ബിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ലാലുപ്രസാദ് യാദവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണു പ്രതിപക്ഷ മഹാസഖ്യത്തെ നയിക്കുന്നത്.
മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയ, റോഹ്താസ്, ഔറംഗാബാദ് എന്നിവയടക്കം ആറു ജില്ലകളിലെ 71 മണ്ഡലങ്ങളിലാണു നാളെ തെരഞ്ഞെടുപ്പ് നടക്കുക. 1066 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. മഹാസഖ്യത്തിൽ ആർജെഡി 42 സീറ്റിലും കോൺഗ്രസ് 21ലും മത്സരിക്കുന്നു. എൻഡിഎ സഖ്യത്തിൽ ജെഡി-യു 41 സീറ്റിലും ബിജെപി 29ലുമാണ് മത്സരിക്കുന്നത്.