പുതിയ ഇൻഫർമേഷൻ കമ്മീഷണർമാരെ നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസ്
Saturday, October 31, 2020 12:06 AM IST
ന്യൂഡൽഹി: പുതിയ ഇൻഫർമേഷൻ കമ്മീഷണർമാരെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പുമായി കോണ്‍ഗ്രസ്. വിരമിച്ച ഐഎഫ്എസ് ഓഫീസർ യശ്വർധൻ കുമാർ സിൻഹയെയാണ് മുഖ്യ വിവരാവകാശ കമ്മീഷണറായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കമ്മീഷണറായി മാധ്യമ പ്രവർത്തകൻ ഉദയ് മഹുർകറെയും നിശ്ചയിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷണർമാരുടെ നിയമനം ശരിവച്ചു കൊണ്ട് രാഷ്ട്രപതി ഭവൻ ഉടൻ വിജ്ഞാപനം ഇറക്കും. തുടർന്ന് കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും നടത്തും.
പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് വിവരാവകാശ കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത്. യശ്വർധൻ കുമാർ സിൻഹ ലണ്ടനിലെയും ശ്രീലങ്കയിലെയും മുൻ ഹൈക്കമ്മീഷണറായിരുന്നു. നിലവിൽ കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അഞ്ച് ഇൻഫർമേഷൻ കമ്മീഷണർമാരിൽ ഒരാളാണ്. നിയമനം പൂർത്തിയായാൽ 2023 ഒക്ടോബർ വരെയാണ് ഇദ്ദേഹത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണർ പദവിയിലുള്ള കാലാവധി.
നിയമനങ്ങളെ എതിർത്ത കോണ്‍ഗ്രസ് ഉദയ് മഹുർകറെ ഉൾപ്പെടെ പദവിയിലേക്ക് കെട്ടിയിറക്കുകയാണെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 355 പേർ അപേക്ഷിച്ചതിൽനിന്ന് 139 പേരെയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇതിൽ ഉദയ് മഹുർകർ അപേക്ഷിച്ചുപോലുമില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപിയുടെ കടുത്ത അനുയായിയായ മഹുർകറെ പദവിയിലേക്ക് കെട്ടിയിറക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.