മോദിയുടെ ഉറപ്പ് എല്ലാവർക്കും വാക്സിൻ
Wednesday, November 25, 2020 12:32 AM IST
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിൻ രാജ്യത്തെ പൗരൻമാർക്ക് ഏറ്റവും സുരക്ഷിതവും ശാസ്ത്രീയവുമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്നത് ദേശീയ പ്രതിബദ്ധതയാണ്. സംസ്ഥാനങ്ങൾ വാക്സിൻ സംഭരണത്തിനും വിതരണത്തിനുമായി സുരക്ഷിത മാർഗങ്ങൾ സജ്ജീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയുടേത് നിലവിൽ മെച്ചപ്പെട്ട സാഹചര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ കേരളം,ഹരിയാന, ഡൽഹി, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യം യോഗത്തിൽ പ്രത്യേകം വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കോവിഡ് പോസിറ്റീവ് നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയും മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെയും ആക്കണമെന്നു പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സെബി മാത്യു