പുതിയ പാർലമെന്റ് മന്ദിരത്തിന് അടുത്ത മാസം തറക്കല്ലിടും
Wednesday, November 25, 2020 11:08 PM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു ഡിസംബർ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബർ പത്തിനു ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ട്. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണു പഴയ പാർലമെന്റ് മന്ദിരത്തോടു ചേർന്ന് പുതിയ മന്ദിരം നിർമിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തോടു ചേർന്നു പൊതു സെൻട്രൽ സെക്രട്ടേറിയറ്റ്, ഗ്രാൻഡ് കോണ്സ്റ്റിറ്റ്യൂഷൻ ഹാൾ, ഇന്ത്യയുടെ പരന്പരാഗത ജനാധിപത്യ പാരന്പര്യത്തിന്റെ ഷോകേസ്, എംപിമാർക്കുള്ള ലോഞ്ച്, ലൈബ്രറി, വിവിധ കമ്മിറ്റി ഹാളുകൾ, ഭക്ഷണശാലകൾ എന്നിവയുണ്ടാകും. എല്ലാ എംപിമാർക്കും പുതിയ മന്ദിരത്തിൽ പ്രത്യേകം ഓഫീസുണ്ടാകും.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും പ്രതിമകൾ താത്കാലികമായി മാറ്റി. പതിനാറ് അടി ഉയരമുള്ള ഗാന്ധിപ്രതിമ പാർലമെന്റിന്റെ ഒന്നാം നന്പർ കവാടത്തോടു ചേർന്നാണ് ഇരുന്നിരുന്നത്. പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായാൽ ഉടൻ ഇവ അതിനോടു ചേർന്നു സ്ഥാപിക്കും.
കഴിഞ്ഞ സെപ്റ്റംബറിലാണ് ടാറ്റ പ്രോജക്ട് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള കരാർ നേടിയത്. 861.90 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. ഇരുപത്തിയൊന്നു മാസംകൊണ്ടു നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ന്യൂഡൽഹിയുടെ ശില്പികളായ എഡ്വിൻ ല്യൂട്ടണും ഹെർബർട്ട് ബേക്കറും ചേർന്നാണ് നിലവിലെ പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്. 1921 ഫെബ്രുവരി 12നായിരുന്നു ശിലാസ്ഥാപനം. ആറുവർഷം കൊണ്ട് പണി പൂർത്തിയായി. ചെലവ് 83 ലക്ഷം രൂപ.
സെബി മാത്യു