പുതിയ പാർലമെന്റ് മന്ദിരം 2022-ൽ പൂർത്തിയാകും
Sunday, December 6, 2020 12:44 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം 2022 ഒക്ടോബറിൽ പൂർത്തിയാക്കാനാകുമെന്നാണ് നിഗമനം. 2022ലെ സമ്മേളനം അവിടെയായിരിക്കും ചേരുകയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിർമാണകാലത്ത് മഹാത്മാ ഗാന്ധിയുടെയും ഡോ. ബി.ആർ അംബേദ്കറിന്റെയും ഉൾപ്പെടെ അഞ്ചു പ്രതിമകൾ മാറ്റി സ്ഥാപിക്കും. പാർലമെന്റിന് അഭിമുഖമായി ഒന്നാം ഗേറ്റിന് സമീപമാണ് പതിനാറ് അടിയുള്ള ഗാന്ധി പ്രതിമ ഇപ്പോൾ നിൽക്കുന്നത്. റാം സുത്തർ നിർമിച്ച പ്രതിമ 1993 ഒക്ടോബർ രണ്ടിന് മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ് രാജ്യത്തിന് സമർപ്പിച്ചത്.
പണി പൂർത്തിയായാൽ ഇവ ഉചിതമായ സ്ഥാനങ്ങളിൽ പുനസ്ഥാപിക്കും. പുതിയ മന്ദിരത്തിന്റെ പണി പൂർത്തായാവുന്നതു വരെ പഴയ മന്ദിരം പതിവു പോലെ പ്രവർത്തിക്കും. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം കഴിഞ്ഞാൽ പഴയത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.
ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനു ശേഷം പാർലമെൻറിലെ ഇരുസഭകളുടെയും അംഗസംഖ്യ വർധിക്കുന്നതോടെ എല്ലാ അംഗങ്ങൾക്കും ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കുകയാണ് പുതിയ മന്ദിരത്തിന്റെ നിർമാണം കൊണ്ട് ലക്ഷ്യമിടുന്നത്. 1400 പാർലമെൻറ് അംഗങ്ങൾക്കുള്ള വിശാലമായ ഇരിപ്പിടം പുതിയ പാർലമെൻറ് മന്ദിരത്തിലുണ്ടാകുമെന്നാണ് വിവരം. 65000 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടത്തിന്റെ നിർമാണം കോണ്ക്രീറ്റ് ഉപയോഗിച്ചായിരിക്കും. മൂന്നു നിലകളും ഒരു ബേസ്മെൻറുമായിരിക്കും പുതിയ കെട്ടിടത്തിന് ഉണ്ടാകുകയെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
ഡൽഹിയുടെ ശിൽപ്പികളായ എഡ്വിൻ ല്യൂട്ടണും ഹെർബർട്ട് ബേക്കറും ചേർന്നാണ് നിലവിലെ പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്. 1921 ഫെബ്രുവരി 12ന് ആയിരുന്നു ശിലാസ്ഥാപനം. ആറു വർഷം കൊണ്ട് പണി പൂർത്തിയായി. ചെലവ് 83 ലക്ഷം രൂപ. 1927 ജനുവരി 18ന് ഗവർണർ ജനറൽ ഇർവിൻ പ്രഭുവാണ് പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്.