കർഷകരെ പിന്തുണയ്ക്കേണ്ടത് കടമയെന്ന് രാഹുൽ
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: കർഷകരുമായി ഇന്നലെ കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെ വിമർശിച്ചും കർഷകർക്കു പിൻതുണയുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരെ പിൻതുണയ്ക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
എപിഎംസി വിപണികൾ ഇല്ലാതായതോടെ ബിഹാറിലെ കർഷകർ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. കർഷകർക്ക് മിനിമം താങ്ങുവില പോലും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്തെ അന്നദാതാക്കളായ കർഷകരെ പിൻതുണയ്ക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. രാജ്യത്തെ എല്ലാ കർഷകരും ഒരുമിച്ച് ദുരിതത്തിൽ അകപ്പെടാതിരിക്കണം എങ്കിൽ ഇപ്പോൾ അവരെ പിൻതുണയ്ക്കണം എന്നും രാഹുൽ ആവർത്തിച്ചു.