കോവിഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്കു പോസിറ്റീവ്
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: കോവിഡ് പരീക്ഷണ വാക്സിൻ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രിയെ അംബാല കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ എന്ന വാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവയ്പെടുത്തത്. രണ്ടാഴ്ച മുൻപാണ് മന്ത്രിക്ക് മരുന്നു കുത്തിവച്ചത്. രണ്ടു ഡോസ് മരുന്നാണുള്ളത്. ആദ്യ ഡോസ് എടുത്ത ശേഷം ഏതാനും ദിവസങ്ങൾക്കു ശേഷമാണു രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. കോവിഡിനെതിരായ ആന്റിബോഡികൾ ഇതിനുശേഷം മാത്രമേ ശരീരത്തിൽ പ്രവർത്തിക്കുകയുള്ളൂ. മന്ത്രി ഒരു ഡോസ് മാത്രമാണ് എടുത്തിട്ടുള്ളതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവായെന്നു ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും സ്ഥിരീകരിച്ചു.