ലാവ്ലിൻ കേസ് ഫെബ്രുവരി 23ലേക്കു മാറ്റി
Wednesday, January 13, 2021 12:21 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 23ലേക്കു മാറ്റി. ഇന്നലെ ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും സിബിഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജാരാകാതിരുന്നതിനെ തുടർന്നാണ് കേസ് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ നൽകിയ ഹർജിയിൽ ഇത് 20-ാമതു തവണയാണ് സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ ഹാജരാക്കണമെന്നു കോടതി നിർദേശിച്ചിട്ടും സിബിഐ ഇതുവരെ അതു കൈമാറിയിട്ടില്ല. രണ്ടു കോടതികൾ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടണമെന്നു ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.