വിമതസ്വരമുയർത്തി തൃണമൂൽ എംപി ശതാബ്ദി റോയി
Saturday, January 16, 2021 1:23 AM IST
കോൽക്കത്ത: വിമതസ്വരമുയർത്തി തൃണമൂൽ കോൺഗ്രസ് എംപി ശതാബ്ദി റോയി. എംപിയെ അനുനയിപ്പിക്കാൻ തൃണമൂൽ നേതൃത്വം ശ്രമമാരംഭിച്ചു. ബിർഭൂം എംപിയാണു ശതാബ്ദി റോയി. മൂന്നു തവണ ഇവർ ലോക്സഭാംഗമായിട്ടുണ്ട്. മണ്ഡലത്തിലെ പാർട്ടി പരിപാടികളെക്കുറിച്ചുതന്നെ അറിയിക്കാറില്ലെന്നും ശതാബ്ദി റോയി ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാൻ അവർ തയാറായില്ല. തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലുമായി ശതാബ്ദി റോയി ഭിന്നതയിലാണ്.
ശതാബ്ദി റോയിയുമായി തൃണമൂൽ വക്താവ് കുനാൽ ഘോഷ് ഇന്നലെ ഒരു മണിക്കൂർ ചർച്ച നടത്തി. എംപിയുടെ പരാതികൾ പാർട്ടി പരിശോധിക്കുമെന്നു മുതിർന്ന തൃണമൂൽ നേതാവ് സൗഗത റോയി പറഞ്ഞു.
തൃണമൂൽ നേതൃത്വവുമായി സംസ്ഥാന മന്ത്രി രജീബ് ബാനർജിയും ഇടഞ്ഞുനിൽക്കുകയാണ്. ഭാവികാര്യങ്ങൾ ഇന്നു പ്രഖ്യാപിക്കുമെന്നു ബാനർജി അറിയിച്ചു.