കോവിഡ് വാക്സൻ ഫോർമുല കൂടുതൽ നിർമാതാക്കൾക്കു നൽകണമെന്നു കേജരിവാൾ
Wednesday, May 12, 2021 1:25 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ഫോർമുല രണ്ടു കന്പനികളിലായി ഒതുക്കിനിർത്താതെ കൂടുതൽ നിർമാതാക്കൾക്കു പങ്കുവയ്ക്കാൻ കേന്ദ്രം തയാറാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. വാക്സിൻ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ തരണം ചെയ്യണമെങ്കിൽ കൂടുതൽ ഉത്പാദകർ വാക്സിൻ നിർമാണത്തിലേക്ക് കടന്നു വരണമെന്നും കേജരിവാൾ ചൂണ്ടിക്കാട്ടി. ഇതാവശ്യപ്പെട്ട് കേജരിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
രണ്ടു കന്പനികൾ മാത്രമാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. ഒരു മാസം പരമാവധി ആറോ ഏഴോ കോടി ഡോസ് മാത്രമാണ് ഇവർക്ക് ഉത്പാദിപ്പിക്കാൻ സാധിക്കൂ. ഇപ്രകാരം തുടരുകയാണെങ്കിൽ രാജ്യത്ത് എല്ലാവർക്കും വാക്സിൻ പൂർണമായും ലഭ്യമാക്കാൻ രണ്ടു വർഷത്തിലേറെ സമയം എടുക്കും.
അടുത്ത ഏതാനും മാസത്തിനുള്ളിൽ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമാക്കണം. അതിനായി എന്തു ചുമതലയും വഹിക്കാൻ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേജരിവാൾ വ്യക്തമാക്കി.