ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രിവാസം നീട്ടി ബോംബെ ഹൈക്കോടതി
Friday, June 18, 2021 12:56 AM IST
മുംബൈ: എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിക്ക് അടുത്തമാസം അഞ്ചുവരെ മുംബൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തുടരണമെന്നു ബോംബെ ഹൈക്കോടതി.
ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റീസ് എസ്.എസ്. ഷിൻഡെയും ജസ്റ്റീസ് എൻ.ജെ. ജമാംദാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് ജാമ്യഹർജിയിൽ നിലപാടറിയിക്കാൻ ദേശീയ അന്വേഷണസംഘത്തിനു കോടതി നിർദേശം നൽകുകയും ചെയ്തു. ജൂലൈ മൂന്നിന് കേസ് പരിഗണിക്കുന്പോൾ നിലപാട് അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
അറസ്റ്റിലായ 2020 ഒക്ടോബർ മുതൽ മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞുവന്ന 84 കാരനായ വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം സബർബൻ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പാർക്കിൻസൺസ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി നൽകിയ ഹർജിയെത്തുടർന്നായിരുന്നു ഇത്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കിടെ ഫാ.സ്റ്റാൻ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു.
കോവിഡ് മുക്തനാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും അത്യാഹിതവിഭാഗത്തിൽ പരിചരണം തുടരണമെന്നുമായിരുന്നു കോടതി ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രി അധികൃർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലുള്ളത്.