ട്വിറ്ററിനു പാർലമെന്ററി സമിതിയുടെ താക്കീത്
Saturday, June 19, 2021 12:35 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിച്ചില്ലെങ്കിൽ ട്വിറ്റർ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന താക്കീത് നൽകി പാർലമെന്ററി സമിതി. കോണ്‍ഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിയാണ് ട്വിറ്റർ അധികൃതരെ വിളിച്ചുവരുത്തി മുന്നറിയിപ്പു നൽകിയത്. ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജർ ഷഗുഫ്ത കമ്രാൻ, ലീഗൽ കൗണ്‍സിൽ ആയുഷി കപൂർ എന്നിവരാണ് ഇന്നലെ സമിതിക്കു മുന്നിൽ ഹാജരായത്.
രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയിടാനുമുള്ള കാര്യത്തിൽ വിശദീകരണം തേടിയാണ് പാർലമെന്ററി സമിതി ട്വിറ്റർ അധികൃതരെ വിളിച്ചുവരുത്തിയത്. പുതിയ ഐടി ചട്ടങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരുമായി ട്വിറ്റർ കൊന്പ് കോർക്കുന്നതിനിടെയാണ് പാർലമെന്ററി സമിതി വിളിച്ചുവരുത്തി താക്കീതു നൽകിയത്.
ഇന്ത്യയിലെ നിയമങ്ങൾ ലംഘിക്കുന്നത് തുടരാനാണു ഭാവമെങ്കിൽ ട്വിറ്റർ കനത്ത പിഴ നൽകേണ്ടിവരുമെന്നു പാർലമെന്ററി സമിതിയിൽ അംഗങ്ങളായ ബിജെപി എംപിമാർ താക്കീത് നൽകി. പൂർണമായും ഇന്ത്യൻ നിയമങ്ങൾക്കു വിധേയമായിട്ടായിരിക്കണം ട്വിറ്റർ ഇന്ത്യയിൽ പ്രവർത്തിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങളുടെ നയങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ട്വിറ്റർ അധികൃതർ നൽകിയ മറുപടി. 95 മിനിറ്റ് നേരം പാർലമെന്ററി സമിതിക്കു മുന്നിൽ ട്വിറ്റർ ഇന്ത്യ അധികൃതർ വിശദീകരണം നൽകി.
ഐടി ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാൻ കൂട്ടാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന്റെ നിയമ പരിരക്ഷ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. തൊട്ടുപിന്നാലെതന്നെ, സാമുദായിക സംഘർഷത്തിന് വഴിമരുന്നിട്ട പോസ്റ്റ് നീക്കം ചെയ്യാൻ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരേ യുപി പോലീസ് കേസും രജിസ്റ്റർ ചെയ്തു.
സെബി മാത്യു