മഹാവികാസ് അഘാഡി സ്ഥിരം സംവിധാനമല്ലെന്നു കോണ്‍ഗ്രസ്
Monday, June 21, 2021 12:26 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയുമായും എൻസിപിയുമായും ചേർന്നു രൂപവത്കരിച്ച മഹാവികാസ് അഘാഡി അഞ്ചു വർഷത്തേക്കു മാത്രമാണെന്നു കോണ്‍ഗ്രസ്. എംവിഎ എന്നത് സ്ഥിരമായ രാഷ്ട്രീയ മുന്നണിയല്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോൾ പറഞ്ഞു. 2019ൽ മഹാ വികാസ് അഘാഡി രൂപവത്കരിച്ചത് ബിജെപിയെ തടയാൻ വേണ്ടിയായിരുന്നു. സ്വന്തം സംഘടന ശക്തിപ്പെടുത്താൻ ഓരോ പാർട്ടിക്കും അവകാശമുണ്ട്- നാനാ പഠോൾ പറഞ്ഞു.
ഭാവിയിൽ ഒറ്റയ്ക്കു മത്സരിച്ചേക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെത്തുടർന്ന് ശിവസേന അതൃപ്തി അറിയിച്ചിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാതെ, ഒറ്റയ്ക്കു മത്സരിക്കുമെന്നു പറയുന്നവരെ ജനം ചെരുപ്പൂരി അടിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച തുറന്നടിച്ചിരുന്നു. ഒറ്റയ്ക്കു മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇന്നലെ മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
2019ലാണ് ശിവസേന, എൻസിപി, കോണ്‍ഗ്രസ് എന്നീ കക്ഷികൾ മഹാ വികാസ് അഘാഡി എന്ന പേരിൽ സഖ്യം രൂപവത്കരിച്ച് ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിയത്. സഖ്യത്തിൽ മൂന്നാമത്തെ കക്ഷിയായ കോണ്‍ഗ്രസിനു പ്രധാന വകുപ്പുകൾ കാര്യമായി ലഭിച്ചില്ല. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയത് എൻസിപിക്കാണ്. ശിവസേന, എൻസിപി പാർട്ടികളിൽ മറ്റു പാർട്ടികളിൽനിന്നുള്ള നേതാക്കളും അണികളും ചേർന്നിരുന്നു.
ഭരണത്തിന്റെ തണലിൽ പാർട്ടി വളർത്താൻ ശിവസേനയും എൻസിപിയും ശ്രമിക്കുകയാണ്.