കർണാടകയിൽ ഉപമുഖ്യമന്ത്രിയില്ല; യെദിയൂരപ്പയുടെ മകനു മന്ത്രിസ്ഥാനമില്ല
Thursday, August 5, 2021 12:43 AM IST
ബംഗളൂരു: 29 മന്ത്രിമാരെ ഉൾപ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ വികസിപ്പിച്ചു. ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിസ്ഥാനം ആർക്കുമില്ല. ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയ്ക്കു മന്ത്രിസ്ഥാനം കിട്ടിയില്ല. യെദിയൂരപ്പയുടെ മന്ത്രിസഭയിലുണ്ടായിരുന്ന 23 പേർ പുതിയ മന്ത്രിസഭയിലും ഇടംകണ്ടു. ആറു പേർ പുതുമുഖങ്ങളാണ്.
ഒരു വനിതയ്ക്കാണു മന്ത്രിസഭയിൽ ഇടം ലഭിച്ചത്. കോൺഗ്രസിൽനിന്നും ജെഡി-എസിൽനിന്നും കൂറുമാറിയെത്തിയ പത്തു പേരെ മന്ത്രിമാരാക്കി. 11 കൂറുമാറ്റക്കാർക്ക് യെദിയൂരപ്പ മന്ത്രിസ്ഥാനം നല്കിയിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ആരെയും ഉപമുഖ്യമന്ത്രിയാക്കാത്തതെന്ന് ബസവരാജ് പറഞ്ഞു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു.