മയൂഖയുടെ പരാതി: അറസ്റ്റ് തടഞ്ഞു
Friday, September 10, 2021 12:16 AM IST
ന്യൂഡൽഹി: ഒളിന്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡനപരാതിയിൽ പ്രതിസ്ഥാനത്തുള്ള സി.സി. ജോണ്‍സന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 30 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റീസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
കേസിൽ സംസ്ഥാന സർക്കാരിനും ഇരയ്ക്കും നോട്ടീസ് അയയ്ക്കാനും ബെഞ്ച് ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ഓഗസ്റ്റ് 11ന് കേരള ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ജോണ്സണ് സുപ്രീംകോടതിയെ സമീപിച്ചത്.
2016 ജൂലൈ ഒൻപതിനാണ് ചാലക്കുടി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിയായ ജോണ്സണ് വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്നവിഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണു പരാതി.
നഗ്നവീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നിട്ടും അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് പോലീസിൽ പരാതിപ്പെട്ടിരുന്നില്ല.
2018ൽ വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ. തുടർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം 2021 മാർച്ചിലാണ് പരാതി നൽകിയത്. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പോലീസ് പിന്നീട് നിരുത്സാഹപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ജൂണ്‍ 28നാണ് സുഹൃത്ത് പീഡനത്തിനിരയായെന്നു വെളിപ്പെടുത്തി ഒളിന്പ്യൻ മയൂഖ ജോണി രംഗത്തെത്തിയത്.