ബാലികയെ കൊന്ന പ്രതിയുടെ മരണം; ജുഡീഷൽ അന്വേഷണത്തിന് ഉത്തരവ്
Saturday, September 18, 2021 12:14 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ആറുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതി മരിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്താൻ തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. പ്രതിയായ പി. രാജുവിനെ വ്യാഴാഴ്ച റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
നാലാഴ്ചയ്ക്കകം അന്വേഷണം നടത്താനാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എം.എസ്. രാമചന്ദ്രറാവു, ജസ്റ്റീസ് ടി. അമർനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പ്രതിയുടെ പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ കൈമാറണമെന്നു സംസ്ഥാന സർക്കാരിനോടു കോടതി നിർദേശിച്ചു.
പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന പ്രതിയെ പിടികൂടി ഏറ്റുമുട്ടലിൽ വധിക്കുമെന്നു തെലുങ്കാന തൊഴിൽ മന്ത്രി മല്ല റെഡ്ഢി പ്രസ്താവിച്ചതു വിവാദമുയർത്തിയിരുന്നു. പ്രതി രാജുവിനെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ, ആത്മഹത്യയാണെന്നാണു പോലീസ് പറയുന്നത്. സെപ്റ്റംബർ ഒന്‍പതിനാണു പെൺകുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അയൽവാസിയാണു പ്രതി രാജു.