നിയമസംവിധാനം രാജ്യത്തിന് അനുയോജ്യമല്ല: ചീഫ് ജസ്റ്റീസ്
Sunday, September 19, 2021 12:54 AM IST
ന്യൂഡൽഹി: രാജ്യത്തെ നിയമസംവിധാനം കൊളോണിയൽ കാലത്തേതാണെന്നും ഇന്ത്യൻ ജനതയ്ക്ക് അനുയോജ്യമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ.
നീതിനിർവഹണം സ്വദേശിവത്കരിക്കേണ്ട സമയമായി. അതു പലപ്പോഴും സാധാരണക്കാർക്കു മുന്നിൽ നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. കോടതികളുടെ പ്രവർത്തനശൈലി ഇന്ത്യയിലെ സങ്കീർണതകൾക്ക് അനുയോജ്യമല്ല. ഇപ്പോഴും പിൻതുടരുന്ന കൊളോണിയൽ കാലത്തെ നിയമങ്ങൾ ഇന്ത്യൻ ജനതയ്ക്കു ചേരുന്നതല്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അന്തരിച്ച ജസ്റ്റീസ് എം.എം. ശാന്തന ഗൗഡറുടെ സ്മരണയ്ക്കായി കർണാടക ബാർ കൗണ്‍സിൽ സംഘടിപ്പിച്ച ചടങ്ങിൽ വെർച്വലായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളെ സ്വദേശിവത്കരിക്കണം എന്നു പറയുന്പോൾ നീതിനിർവഹണ രീതി സ്വദേശിവത്കരിക്കുകയും പ്രായോഗികമായ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ചെയ്യണമെന്നാണ് അർഥമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണമേഖലകളിൽനിന്നുള്ള സധാരണക്കാർക്ക് ഇംഗ്ലീഷിലുള്ള കോടതി നടപടിക്രമങ്ങൾ മനസിലാകുന്നില്ല. എല്ലാവർക്കും തുല്യനീതി ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിലും ചീഫ് ജസ്റ്റീസ് ആശങ്ക പ്രകടിപ്പിച്ചു.
ഗ്രാമീണമേഖലയിൽനിന്നുള്ളവർക്ക് കോടതികൾ പലപ്പോഴും അപ്രാപ്യമാണ്. ഗ്രാമത്തിൽ ഒരു കുടുംബതർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തേണ്ടിവരുന്നവർക്ക് ഇംഗ്ലീഷിലുള്ള വാദങ്ങളും പ്രതിവാദങ്ങളും മനസിക്കാനാവില്ല. വിധിന്യായത്തിൽ പറയുന്നത് എന്താണെന്നു മനസിലാക്കിയെടുക്കാൻ അവർക്കു കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നതായും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
- സെബി മാത്യു