മുസ്ലിം യുവതിക്കു ലിഫ്റ്റ് കൊടുത്തതിന്റെ പേരിൽ യുവാവിനെ മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ
Sunday, September 19, 2021 11:30 PM IST
ബംഗളൂരു: മുസ്ലിം യുവതിക്കു ബൈക്കിൽ ലിഫ്റ്റ് കൊടുത്തയാളെ മർദിച്ച മുസ്ലിം യുവാക്കൾ ബംഗളൂരുവിൽ അറസ്റ്റിൽ. മർദന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണു സുദ്ദഗുണ്ടപാളയ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി ബനേർഘട്ടയിലെ ഡയറി സർക്കിളിലാണു സംഭവമുണ്ടായത്. സ്വകാര്യ ബാങ്ക് ജീവനക്കാരാണു മർദനത്തിനിരയായത്. ബുർഖ ധരിച്ച യുവതി അന്യമതസ്ഥനൊപ്പം യാത്ര ചെയ്തതു ചോദ്യം ചെയ്തായിരുന്നു മർദനം. ഇരുവരെയും അസഭ്യം പറഞ്ഞ അക്രമികൾ, യുവതിയുടെ ഭർത്താവിനെ ഫോണ് ചെയ്ത് അന്യമതസ്ഥനൊപ്പം ഭാര്യയെ യാത്ര ചെയ്യാൻ അനുവദിച്ചത് ചോദ്യം ചെയ്തു.
ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച അക്രമികൾ, യുവതിയെ നിർബന്ധിപ്പിച്ചു ബൈക്കിൽനിന്നിറക്കി ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽവിട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെത്തുടർന്നു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.