അമിത് ഷായെ പുകഴ്ത്തി അരുണ്‍ മിശ്ര വിവാദത്തിൽ
Wednesday, October 13, 2021 12:46 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിൽനിന്നു വിരമിച്ച ശേഷവും അമിത് ഷായെ പരസ്യമായി പുകഴ്ത്തി ജസ്റ്റീസ് അരുണ്‍ മിശ്ര. ജമ്മു കാഷ്മീരിൽ പുതുയുഗം കുറിച്ചത് അമിത് ഷാ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി ഷായെയും വേദിയിലിരുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അരുണ്‍ മിശ്ര പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ വിമർശനങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളവയാണെന്നു സ്ഥാപിക്കാനും പ്രസംഗത്തിലുടനീളം മിശ്ര മറന്നില്ല. എൻഎച്ച്ആർസിയുടെ 28-ാം സ്ഥാപക ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ചു പങ്കെടുത്തതും മിശ്രയോടുള്ള വ്യക്തിപരമായ സൗഹൃദം പ്രകടമാക്കുന്നതുമായി.
സിറ്റിംഗ് ജഡ്ജിയായിരിക്കെ പ്രധാനമന്ത്രി മോദിയെ "ബഹുമുഖ പ്രതിഭ’ എന്നു കഴിഞ്ഞ വർഷം ജസ്റ്റീസ് മിശ്ര വിശേഷിപ്പിച്ചതു വലിയ വിവാദമായിരുന്നു.
ആഗോളതലത്തിൽ ചിന്തിക്കാനും പ്രാദേശികമായി പ്രവർത്തിക്കാനും കഴിയുന്ന അന്തർദേശീയ അംഗീകാരമുള്ള ദാർശനികൻ ആണു മോദിയെന്നു പുകഴ്ത്താനും അരുണ്‍ മിശ്ര മടിച്ചില്ല. സുപ്രീംകോടതി ജഡ്ജിയായ 2014 മുതലുള്ള ആറു വർഷക്കാലത്തെ അരുണ്‍ മിശ്രയുടെ നടപടികൾ നിയമലോകത്തു വിമർശനം ഉയർത്തിയിരുന്നു.