സൻസദ് ടിവി പരിപാടിയിൽനിന്നു ശിവസേനാ എംപി പിൻമാറി
Monday, December 6, 2021 12:55 AM IST
മുംബൈ: ശിവസേനാ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി സൻസദ് ടിവി ഷോയായ "മേരി കഹാനി’യിൽനിന്നു പിൻമാറി. അച്ചടക്കനടപടിയെത്തുടർന്ന് രാജ്യസഭയുടെ ശൈത്യകാല സമ്മേളനത്തിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട 12 എംപിമാരിലൊരാളാണു പ്രിയങ്ക.
പാർലമെന്റ് ചട്ടങ്ങൾക്കു വിരുദ്ധമായി സസ്പെൻഡ് ചെയ്യപ്പെട്ടെന്നും അതിനാൽ സൻസദ് ടിവി പരിപാടിയിൽനിന്നു പിൻമാറുന്നതായും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന് ഇന്നലെ അയച്ച കത്തിൽ അവർ പറയുന്നു. ഓഗസ്റ്റിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് ആറ് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 12 പേരെയാണു രാജ്യസഭയുടെ ശൈത്യകാല സമ്മേളനത്തിൽനിന്നു സസ്പെൻഡ് ചെയ്തത്.