പനീർശെൽവവും പളനിസ്വാമിയും അണ്ണാ ഡിഎംകെ തലവന്മാർ
Tuesday, December 7, 2021 12:47 AM IST
ചെന്നൈ: ഒ. പനീർശെൽവം അണ്ണാ ഡിഎംകെ കോ-ഓർഡിനേറ്ററായും എടപ്പാടി പളനിസ്വാമി ജോയിന്റ് കോ-ഓർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
ഇരുവരും തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരാണ്. ഇരുവരും ഐകകണ്ഠ്യേനയാണു തെരഞ്ഞെടുക്കപ്പെട്ടതെന്ന് അണ്ണാ ഡിഎംകെയുടെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള സി. പൊന്നയ്യൻ പറഞ്ഞു.
പനീർശെൽവവും പളനിസ്വാമിയും ശനിയാഴ്ചയാണു നാമനിർദേശപത്രിക സമർപ്പിച്ചത്. ഇരു നേതാക്കളുടെയും കൂട്ടായ നേതൃത്വത്തിനു ശക്തി പകരാനായി ഡിസംബർ ഒന്നിന് അണ്ണാ ഡിഎംകെ ഭരണഘടനയിൽ ഭേദഗതി വരുത്തിയിരുന്നു.
2016 വരെ ജനറൽ സെക്രട്ടറിപദം വഹിച്ചിരുന്ന ജയലളിതയായിരുന്നു പാർട്ടിയുടെ പരമോന്നത നേതാവ്.