ത്രിപുരയിൽ ഡോ. മണിക് സാഹ ചുമതലയേറ്റു
സ്വന്തം ലേഖകൻ
Monday, May 16, 2022 2:09 AM IST
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിപ്ലവ് കുമാർ ദേവിനു പകരമാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനു പത്തുമാസം മാത്രം അവശേഷിക്കെയാണ് ബിപ്ലവിനെ താഴെയിറക്കി ബിജെപി പുതിയ തന്ത്രം പയറ്റിയത്.
ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് രാജ്യസഭാംഗവുമാണ്. ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നാണ് മണിക്കിനെ തെരഞ്ഞെടുത്തത്. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. എംഎൽഎമാർ പിന്തുണയ്ക്കുന്ന കത്തുമായാണ് മണിക് സാഹ ഗവർണറെ കണ്ടത്.
കോണ്ഗ്രസ് നേതാവായിരുന്ന സാഹ 2016ലാണ് ബിജെപിയിൽ ചേർന്നത്. ഈ വർഷം ആദ്യമാണ് ത്രിപുരയിൽ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ലാണ് 25 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിപ്ലവിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ത്രിപുരയിൽ അധികാരത്തിലെത്തിയത്.
നേരത്തേ പാർട്ടിയിലെ ചില എംഎൽഎമാർ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ സുദീപ് റോയ് ബർമൻ, ആശിഷ് സാഹ എന്നീ എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ വിമർശനമുയർത്തി. തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎമാരുടെ വിമർശനം.