ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം; പഞ്ചാബിൽ എഎപിക്കു തിരിച്ചടി
Monday, June 27, 2022 12:27 AM IST
ന്യൂഡൽഹി: യുപിയിൽ സമാജ്വാദി പാർട്ടിയുടെ ഉരുക്കുകോട്ടകളായ രാംപുർ, അസംഗഡ് ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയം. പഞ്ചാബിലെ സംഗ്രൂർ ലോക്മണ്ഡലത്തിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. ത്രിപുരയിലെ നാലു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്തു ബിജെപി വിജയിച്ചു. ഒരിടത്തു കോൺഗ്രസിനാണു വിജയം. ജാർഖണ്ഡിൽ കോൺഗ്രസും ആന്ധ്രപ്രദേശിൽ വൈഎസ്ആർസിയും ഡൽഹിയിൽ എഎപിയും വിജയിച്ചു.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുതിർന്ന എസ്പി നേതാവ് അസം ഖാൻ എന്നിവർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. രാംപുരിൽ ബിജെപിയിലെ ഘനശ്യാം ലോധി 42,192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എസ്പിയിലെ മുഹമ്മദ് അസിം രാജയെ പരാജയപ്പെടുത്തി. ഇവിടെ ബിഎസ്പിക്കു സ്ഥാനാർഥിയില്ലായിരുന്നു. ബിജെപി-എസ്പി സ്ഥാനാർഥികളുടെ നേർക്കുനേർ പോരാട്ടമായിരുന്നു ഇവിടെ അരങ്ങേറിയത്.
അഖിലേഷ് യാദവിന്റെ തട്ടകമായ അസംഗഡിൽ ബിജെപിയിലെ ദിനേഷ് ലാൽ യാദവ് 8,679 വോട്ടിനാണ് എസ്പിയിലെ ധർമേന്ദ്ര യാദവിനെ പരാജയപ്പെടുത്തിയത്. ത്രികോണ മത്സരം നടന്ന ഇവിടെ ബിഎസ്പി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ദിനേശ്ലാൽ യാദവിന് 3,12,768 വോട്ടും ധർമേന്ദ്ര യാദവിന് 3,04,089 വോട്ടും ബിഎസ്പിയിലെ ഷാ ആലം 2,66,106 വോട്ട് നേടി. 2019ൽ അസംഗഡിൽ അഖിലേഷ് യാദവ് 2.59 ലക്ഷം വോട്ടിന്റെയും രാംപുരിൽ അസം ഖാൻ 1.09 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിനാണു വിജയിച്ചത്. യുപിയിൽ ബിജെപി ലോക്സഭാംഗങ്ങളുടെ എണ്ണം 64 ആയി. എസ്പി അംഗബലം മൂന്നായി ചുരുങ്ങി.
പഞ്ചാബിലെ സംഗ്രൂരിൽ സിറ്റിംഗ് സീറ്റ് കൈവിട്ടത് ആം ആദ്മി പാർട്ടിക്കു വൻ തിരിച്ചടിയായി. മാർച്ചിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ എഎപി 117ൽ 92 സീറ്റ് നേടിയിരുന്നു. ശിരോമണി അകാലി ദൾ (അമൃത്സർ) നേതാവ് സിമ്രാൻജിത് സിംഗ് മാൻ (77) ആണ് എഎപിയിലെ ഗുർമയിൽ സിംഗിനെ 5,822 വോട്ടിനു തോൽപ്പിച്ചത്. 1999നുശേഷം ആദ്യമായാണു സംഗ്രൂരിൽനിന്നു സിമ്രാൻജിത് സിംഗ് മാൻ വിജയിക്കുന്നത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തും ബിജെപി നാലാമതും അകാലിദൾ അഞ്ചാമതുമായി. മുഖ്യമന്ത്രിയായതിനെത്തുടർന്ന് ഭഗവന്ത് മാൻ രാജിവച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ടു തവണ ഭഗവന്ത് മാൻ പ്രതിനിധീകരിച്ച മണ്ഡലമാണു സംഗ്രൂർ.
ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ അടക്കമുള്ളവരാണു വിജയിച്ചത്. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ 6,104 വോട്ടിനാണു സാഹയുടെ വിജയം. ജുബാരാജ്നഗർ, സുർമ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. അഗർത്തലയിൽ കോൺഗ്രസിലെ സുദീപ് റോയ് ബർമനാണു വിജയം. ത്രിപുരയിലെ പ്രധാന പ്രതിപക്ഷമായ സിപിഎമ്മിനു യാതൊരു നേട്ടവുമുണ്ടാക്കാനായില്ല.
ലോക്സഭയിൽനിന്ന് ആപ് പുറത്ത്; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്
സംഗ്രൂരിലെ പരാജയത്തോടെ ആം ആദ്മി പാർട്ടിക്കു ലോക്സഭയിൽ പ്രാതിനിധ്യമില്ലാതായി. അതേസമയം, രാജ്യസഭയിൽ പാർട്ടിക്ക് 10(പഞ്ചാബ്-7, ഡൽഹി-3) അംഗങ്ങളുണ്ട്. ഡൽഹി നിയമസഭയിൽ വൻ ഭൂരിപക്ഷമുണ്ടെങ്കിലും 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽപോലും വിജയിക്കാൻ എഎപിക്കായില്ല.
ത്രിപുരയിൽ സുദീപ് റോയ് ബർമന്റെ വിജയത്തോടെ കോൺഗ്രസിനു നിയമസഭയിൽ പ്രാതിനിധ്യമായി. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റ സീറ്റിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെപി ടിക്കറ്റിൽ വിജയിച്ച സുദീപ് റോയ് ബർമൻ നിയമസഭാംഗത്വം രാജിവച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.