ആഘോഷങ്ങളില്ലാതെ പാർലമെന്റ് മന്ദിരം
സ്വന്തം ലേഖകൻ
Monday, August 15, 2022 1:15 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികത്തിൽ പാർലമെന്റിൽ ആഘോഷങ്ങളില്ലാത്തത് പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവത്തിന് ആക്കം കൂട്ടുന്നതിനാണെന്നു കോണ്ഗ്രസ് നേതാവ് ജയറാം രമേശ്. സ്വാതന്ത്ര്യത്തിന്റെ 25-ാമത് വാർഷികത്തിലും 50, 60 വാർഷികങ്ങളിലും പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വിപുലമായ ചടങ്ങുകൾ ഉണ്ടായിരുന്നു.
എന്നാൽ 75-ാം വാർഷികം സർവജ്ഞാനിയായ പ്രധാനമന്ത്രിയിലേക്കു മാത്രം ചുരുക്കിയിരിക്കുകയാണെന്നും കോണ്ഗ്രസ് രാജ്യസഭാംഗവും മുഖ്യ വക്താവുമായ ജയറാം രമേശ് ട്വീറ്റ് ചെയ്തു. അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ, പ്രധാനമന്ത്രി ഐ.കെ. ഗുജ്റാൾ എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. 60-ാമത് വാർഷികത്തിലും പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 12 വരെ നടത്താനിരുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്കു തൊട്ടുപിന്നാലെ പിരിഞ്ഞതിനെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചിരുന്നു. പാർലമെന്റ് ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളിക്കുന്നതിനു ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. വർഷകാല സമ്മേളനം കഴിഞ്ഞതോടെ ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം മ്യൂസിയമായി മാറുകയാണ്.