പാലക്കാട് മെഡിക്കൽ കോളജ്: സുപ്രധാന വ്യവസ്ഥകളില്ലാതെ സർട്ടിഫിക്കറ്റ്
Sunday, November 27, 2022 12:21 AM IST
ന്യൂഡൽഹി: പാലക്കാട് സ്വാശ്രയ മെഡിക്കൽ കോളജിന് എസൻഷാലിറ്റി സർട്ടിഫിക്കറ്റിൽനിന്നു രണ്ടു സുപ്രധാന വ്യവസ്ഥകൾ നീക്കം ചെയ്തിരുന്നു എന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.
അടിസ്ഥാനസൗകര്യ ലഭ്യതയിൽ മെഡിക്കൽ കോളജ് അലംഭാവം കാണിച്ചാൽ സർക്കാർ ഉറപ്പുനൽകുന്ന പ്രധാനപ്പെട്ട വ്യവസ്ഥയും ഇല്ലായിരുന്നെന്നാണ് കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെയാണ് പാലക്കാട് സ്വാശ്രയ മെഡിക്കൽ കോളജിന് എസൻഷാലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്.
സ്വാശ്രയ മെഡിക്കൽ കോളജിനു നടപടികൾ പാലിക്കാതെ സർട്ടിഫിക്കറ്റ് നൽകിയതിൽ സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് എസൻഷാലിറ്റി സർട്ടിഫിക്കറ്റിൽ സുപ്രധാന വ്യവസ്ഥകൾ ഒഴിവാക്കിയിരുന്നു എന്നുള്ളത്. എന്നാൽ, മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയും സംസ്ഥാന ആരോഗ്യ സർവകലാശാലയും നിർദേശിച്ച പരിഹാരനടപടികൾക്കു ശേഷമാണ് എസൻഷാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.