മുല്ലപ്പെരിയാർ അണക്കെട്ട് : സുരക്ഷിതമെന്ന് ജല കമ്മീഷൻ
Tuesday, March 21, 2023 1:47 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ. അണക്കെട്ടിന് കാര്യമായി സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജല കമ്മീഷൻ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജല കമ്മീഷൻ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചത്.
സ്വതന്ത്ര സുരക്ഷാ സമിതിയുടെ മേൽനോട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അടിയന്തരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
മേൽനോട്ട സമിതി കഴിഞ്ഞ വർഷം മേയ് ഒൻപതിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയതായും മേൽനോട്ട സമിതി നടത്തിയ പരിശോധനയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും സാങ്കേതിക സമിതി അംഗങ്ങൾ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
പരിശോധനയിൽ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു കാര്യമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ മേൽനോട്ട സമിതി നിർദേശിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത തിങ്കളാഴ്ച മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും സന്ദർശനം നടത്തുമെന്നും 28ന് മേൽനോട്ട സമിതി യോഗം ചേരുമെന്നും കേന്ദ്ര ജല കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മേയ് ഒൻപതിനു നടത്തിയ സന്ദർശനത്തിൽ മേൽനോട്ട സമിതി പ്രധാന അണക്കെട്ട്, മണ്‍തിട്ട, ബേബി ഡാം, അണക്കെട്ടിന് അടിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.
പരിശോധനയിൽ അണക്കെട്ടിനും യന്ത്രഭാഗങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും കാര്യമായ തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്നും അണക്കെട്ടിന്റെ മൊത്തത്തിലുള്ള സ്ഥിതി തൃപ്തികരമാണെന്നും ജല കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ഡൽഹിയിലെ കേന്ദ്ര ജല കമ്മീഷൻ ആസ്ഥാനത്ത് 2022 ജൂണ്‍ ആറിനാണ് 15-ാ മത് യോഗം ചേർന്നത്.
പിന്നാലെ ഓഗസ്റ്റ് 18ന് ഡൽഹിയിൽ ചേർന്ന മേൽനോട്ട സമിതിയോഗത്തിലും അണക്കെട്ടുമായി സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഇരു സംസ്ഥാനങ്ങളും രമ്യമായി പരിഹരിക്കണമെന്ന് മേൽനോട്ട സമിതി നിർദേശം നൽകിയിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിന് തമിഴ്നാട് സർക്കാരിന് കേരള സർക്കാർ ആവശ്യമായ അനുമതി നൽകണമെന്ന് മേൽനോട്ട സമിതി നിർദേശിച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 28ന് മേൽനോട്ട സമിതി ഡൽഹിയിൽ വീണ്ടും യോഗം ചേരും.