ഡൽഹി അധികാരത്തർക്കം: കോണ്ഗ്രസിന്റെ പിന്തുണ തേടി കേജരിവാൾ
Saturday, May 27, 2023 1:05 AM IST
ന്യൂഡൽഹി: ഡൽഹി അധികാരത്തർക്കത്തിൽ സുപ്രീംകോടതി വിധി മറികടക്കാനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരേ കോണ്ഗ്രസിന്റെ പിന്തുണ തേടാൻ എഎപി നേതാവ് അരവിന്ദ് കേജരിവാൾ.
കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്താൻ കേജരിവാൾ സമയംതേടി. ബിജെപി സർക്കാർ പാസാക്കിയ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഓർഡിനൻസിനെതിരേ പിന്തുണ തേടാനും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് ഇരു നേതാക്കളെയും കാണാൻ സമയം തേടിയതെന്ന് കേജരിവാൾ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ എന്നിവരുമായി കേജരിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർഡിൻസ് വിഷയത്തിൽ പ്രതിപക്ഷപാർട്ടി നേതാക്കൾ കേജരിവാളിന് പിന്തുണ അറിയിച്ചിരുന്നു.