പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി പൂജാരി സംഘം
Sunday, May 28, 2023 3:00 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി തമിഴ്നാട്ടിലെ ധർമപുരത്തെയും തിരുവാവത് തുറൈയിലെയും അദീനങ്ങളിൽനിന്നെത്തിയ പൂജാരിമാരുടെ സംഘം. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് പൂജാരിമാരുടെ സംഘം ചെങ്കോൽ കൈമാറിയത്.
മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ അദീനത്തിലെ പൂജാരിമാരുടെ സംഘം ഇന്നലെ ഉച്ചയോടെയാണ് ഡൽഹിയിലെത്തിയത്. ഇന്നു രാവിലെ ഒന്പതിന് പാർലമെന്റിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പൂജാരിമാർ പ്രത്യേക പൂജകൾ നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ പൂജാരിമാർ ചെങ്കോൽ കൈമാറുന്പോൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഒപ്പമുണ്ടായിരുന്നു. പൂജാരിമാരുടെ സംഘത്തെ മേലങ്കി അണിയിച്ചാണു പ്രധാനമന്ത്രി ആദരിച്ചത്.
ലോക്സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് അരികിലായാണു ചെങ്കോൽ സ്ഥാപിക്കുക. മന്ത്രോച്ചാരണങ്ങളോടെയാണ് പൂജാരിമാർ പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്.