അരിക്കൊന്പൻ അപ്പർകോടയാറിൽ
Wednesday, June 7, 2023 12:49 AM IST
കന്പം: അരിക്കൊന്പൻ ദൗത്യം പൂർത്തിയാക്കി തമിഴ്നാട് വനംവകുപ്പ്. തിരുനെൽവേലി ജില്ലയിലെ മണിമുത്താർ അണക്കെട്ടിനു സമീപം മുത്തുകുഴിയിൽ ഇന്നലെ രാവിലെ 7.30ന് അരിക്കൊന്പനെ തുറന്നുവിട്ടതോടെയാണ് തമിഴ്നാട് വനംവകുപ്പിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനു വിരാമമായത്.
ആന പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പാക്കിയ ശേഷമാണ് തുറന്നുവിടാൻ അധികൃതർ തീരുമാനമെടുത്തത്. കേരളത്തിന്റെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് മണിമുത്താർ വനമേഖല. ഇന്നലെ വൈകുന്നേരത്തോടെ മണിമുത്താർ ഡാമിനു സമീപമെത്തി ആന വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11ന്, 300 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ആനയെ മണിമുത്താറിലെത്തിച്ചത്. ഇവിടെ ജനവാസ മേഖലയിൽനിന്ന് 35 കിലോമീറ്ററോളം ഉൾവനത്തിലാണ് ആനയെ തുറന്നുവിട്ടത്. ദുർഘട പാതയിലൂടെ മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് മുത്തുക്കുഴിയിൽ ആനയെ എത്തിക്കാനായത്. ആനയെ നിരീക്ഷിക്കാനായി തമിഴ്നാട് വനംവകുപ്പിലെ വിദഗ്ധരടങ്ങുന്ന 60 അംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് തേനിക്കു സമീപം പൂശാനംപെട്ടിയിലെ തെങ്ങുംതോപ്പിലെത്തിയ അരിക്കൊന്പനെ തമിഴ്നാട് വനപാലക സംഘം മയക്കുവെടിവച്ചത്. ആന മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അനിമൽ ആംബുലൻസിൽ കയറ്റിയാണ് ആനയെ വീണ്ടും കാടുകടത്തിയത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽനിന്നു സംസ്ഥാന വനംവകുപ്പിലെ പ്രത്യേക ദൗത്യസംഘം അരിക്കൊന്പനെ മയക്കുവെടിവച്ചു പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ചു തുറന്നുവിട്ടത്. എന്നാൽ, കന്പം ടൗണിൽ ആനയിറങ്ങിയതോടെ മയക്കുവെടി വച്ചു പിടികൂടാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയായിരുന്നു.