മണിപ്പുരിലെ ഇന്റർനെറ്റ് നിരോധനം: ഹർജി സുപ്രീംകോടതി തള്ളി
Saturday, June 10, 2023 12:14 AM IST
ന്യൂഡൽഹി: മണിപ്പുരിൽ ഇന്റർനെറ്റിന് അടിക്കടി നിരോധനം ഏർപ്പെടുത്തുന്നതു ചോദ്യംചെയ്തുള്ള ഹർജിയിൽ അടിയന്തരവാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
35 ദിവസമായി ഇന്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, മണിപ്പുർ ഹൈക്കോടതി ഇക്കാര്യം പരിശോധിക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം കൊടുത്തിട്ടുണ്ടെന്ന കാരണത്താൽ ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിൻഡാൽ എന്നിവർ അടിയന്തരവാദം കേൾക്കാൻ വിസമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്ചവരെ ഇന്റർനെറ്റ് സേവനം വിലക്കി മണിപ്പുർ സർക്കാർ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം ആദ്യം പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപത്തിനുശേഷം പലതവണയായി ഇന്റർനെറ്റ് നിരോധനം ദീർഘിപ്പിക്കുകയായിരുന്നു.