രാജ്യദ്രോഹക്കുറ്റം: ഹർജികൾ ഭരണഘടനാ ബെഞ്ചിന്
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ തീരുമാനിച്ച് സുപ്രീംകോടതി.
1962ലെ കേദാർനാഥ് സിംഗ് കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹക്കുറ്റം ശരിവച്ച് ഉത്തരവിറക്കിയ സാഹചര്യത്തിൽ ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
ഇന്ത്യൻ ശിക്ഷാ നിയമങ്ങൾക്കു (ഐപിസി) പകരം ഭാരതീയ ന്യായ സംഹിത എന്നപേരിൽ പുതിയ നിയമം പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.
പുതിയ ബിൽ നിയമമായാലും ഐപിസി 124 എ അനുസരിച്ച് ചുമത്തിയിട്ടുള്ള കേസുകൾ നിലനിൽക്കുമെന്നും ഇത്തരം കേസുകളുടെ സാധുതയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിന് അതു തടസമാകില്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.