ഭീകരാക്രമണത്തിനു മുന്പ് തഹാവൂർ റാണ മുംബൈയിലെ ഹോട്ടലിൽ തങ്ങിയെന്നു വിവരം
Wednesday, September 27, 2023 5:26 AM IST
മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിനു മുന്പ് പാക്കിസ്ഥാൻ വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ രണ്ടു ദിവസം മുംബൈയിലെ ഹോട്ടലിൽ താമസിച്ചതായി വെളിപ്പെടുത്തൽ. പ്രത്യേക കോടതിയിൽ പോലീസ് സമർപ്പിച്ച നാനൂറിലേറെ പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് വിവരം.
പൊവായിയിലെ ഹോട്ടലിലാണ് റാണ താമസിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ റാണ ഇപ്പോൾ അമേരിക്കയിൽ ജയിലിലാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കൂട്ടാളിയാണു തഹാവൂർ റാണ.
2008 നവംബർ 11നാണു റാണ ഇന്ത്യയിലെത്തിയത്. 21 വരെ രാജ്യത്തു തുടർന്നു. ഇതിനിടെ രണ്ടു ദിവസം പൊവായിയിലെ റിനൈസൻസ് ഹോട്ടലിൽ താമസിച്ചുവെന്നും റാണെയ്ക്കെതിരേ തെളിവു ലഭിച്ചിട്ടുണ്ടെന്നും മുംബൈ ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
വ്യാജ രേഖകളുടെ സഹായത്താൽ ഹെഡ്ലിക്ക് ഇന്ത്യൻ ടൂറിസ്റ്റ് വീസ സംഘടിപ്പിച്ചുകൊടുത്തത് റാണയാണ്. ഹെഡ്ലിയും റാണയും തമ്മിലുള്ള ഇ-മെയിൽ ആശയവിനിമയങ്ങളിലൊന്ന് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ്. ഭീകരാക്രമണക്കേസിലെ പ്രതിയായ ഐഎസ്ഐ ഉദ്യോഗസ്ഥൻ മേജർ ഇക്ബാലിന്റെ ഇമെയിൽ ഐഡി സംബന്ധിച്ച് റാണയോട് ഹെഡ്ലി ചോദിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിൽ 35 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഹെഡ്ലിയുടെ അമേരിക്കയിൽ ജയിലിലാണ്. 2008 നവംബറിൽ 10ന് പാക്കിസ്ഥാനി ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേരാണു കൊല്ലപ്പെട്ടത്. ഭീകരരിലൊരാളായ അജ്മൽ കസബിനെ ജീവനോടെ പിടികൂടി. ഇയാളെ 2012ൽ തൂക്കിലേറ്റി.