രേവന്ത് റെഡ്ഢിക്ക് ആർഎസ്എസ് ബന്ധമെന്ന് ബിആർഎസ്
Wednesday, October 4, 2023 1:38 AM IST
ജഗ്തിയാൽ: തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഢിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നാരോപിച്ച് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു. ആർഎസ്എസ് ബന്ധമില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാൻ രേവന്ത് റെഡ്ഢിയെ രാമറാവു വെല്ലുവിളിച്ചു.
ആർഎസ്എസ് ബന്ധമുള്ള റെഡ്ഢിയെ പിസിസി അധ്യക്ഷനാക്കിയതിനെതിരേ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ് സിംഗ് സോണിയ ഗാന്ധിക്കു കത്തയച്ചിരുന്നുവെന്ന് രാമറാവു ചൂണ്ടിക്കാട്ടി.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനാണു രാമറാവു. തെലുങ്കാനയിൽ ഈ വർഷം അവസാനമാണു തെരഞ്ഞെടുപ്പു നടക്കുക. കോൺഗ്രസിന്റെ പ്രചാരണം നയിക്കുന്നത് രേവന്ത് റെഡ്ഢിയാണ്.