വീൽചെയർ നൽകിയില്ല, യാത്രക്കാരൻ വീണുമരിച്ചു; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: വീൽചെയർ ലഭിക്കാത്തതിനെത്തുടർന്ന് വിമാന ടെർമിനലിലൂടെ നടന്നുപോയ പ്രായമായ യാത്രക്കാരൻ വീണുമരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) വിമാന കമ്പനിക്ക് പിഴ ചുമത്തിയത്.
ഈ മാസം 12 ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. എൺപതുവയസുകാരനായ യാത്രക്കാരനാണ് മരിച്ചത്. വീല്‍ചെയര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് നടന്നുപോകവേ കുഴഞ്ഞുവീഴുകയായിരുന്നു.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ നേരത്ത േഎയർ ഇന്ത്യക്ക് ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
യാത്രക്കാരൻ വീൽചെയറിനു കാത്തിരിക്കാതെ, വീൽചെയറിലായിരുന്ന ഭാര്യക്കൊപ്പം നടന്നുപോകുകയായിരുന്നെന്നാണു മറുപടിയായി എയർ ഇന്ത്യ അറിയിച്ചത്. എന്നാല്‍, ഭിന്നശേഷിക്കാരോ നടക്കാന്‍ പ്രയാസമുള്ളവരോ ആയ യാത്രക്കാര്‍ക്കാർക്ക് നൽകേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയാണ് പിഴ ചുമത്തിയത്.
ഇതോടൊപ്പം, സഹായം വേണ്ട യാത്രകാര്‍ക്ക് ആവശ്യമായത്രയും വീല്‍ചെയറുകള്‍ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.