എഎപിയുടെ അന്ത്യത്തിന്റെ തുടക്കമെന്ന് ബിജെപി
Thursday, April 11, 2024 3:05 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാണ് രാജ്കുമാർ ആനന്ദിന്റെ രാജിയെന്ന് ബിജെപി. അഴിമതിക്കെതിരേയെന്ന് അവകാശപ്പെട്ടു തുടങ്ങിയ പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
2011ൽ അന്നാ ആന്ദോളനിലൂടെ അരവിന്ദ് കേജരിവാൾ ആരംഭിച്ച ഡൽഹിക്കാരുടെ വഞ്ചനയുടെ കഥയുടെ അവസാനമാണിത്.
അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ തുടക്കം മുതൽ കേജരിവാളിനൊപ്പം നിന്നയാളാണു രാജ്കുമാർ. സ്വന്തം മനഃസാക്ഷിയുടെ ആഹ്വാനത്തിന് മറുപടിയായാണ് അദ്ദേഹം ഇപ്പോൾ സർക്കാരിൽ നിന്നു രാജിവച്ചതെന്ന് സച്ച്ദേവ പറഞ്ഞു.
കേജരിവാളിന്റെ യഥാർഥ മുഖം അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങൾക്കുപോലും ഇപ്പോൾ ദൃശ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. എഎപിയുടെ തകർച്ചയുടെ സൂചനയാണിത്. തന്റെ മന്ത്രിമാരിൽനിന്നെങ്കിലും കേജരിവാൾ പഠിക്കണം.
അഴിമതിക്കാരനായിരുന്നിട്ടും സ്ഥാനം വിടാത്ത കേജരിവാളിനെ ഒരുവശത്തും മറുവശത്ത് തങ്ങളുടെ നേതാവിന്റെ അഴിമതിയിൽ മനംനൊന്തു രാജിവച്ചു പോകുന്ന എഎപി നേതാക്കളെ മറുവശത്തും കാണാമെന്ന് സച്ച്ദേവ പരിഹസിച്ചു.