അഞ്ച് മന്ത്രാലയങ്ങളുടെ യോഗം നാളെ
Thursday, April 11, 2024 3:05 AM IST
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതികളുടെ രൂപരേഖ തയാറാക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു. നാനൂറിലധികം സീറ്റുകൾ നേടി ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നതിനിടയിലാണ് ധനം, വാണിജ്യം, കോർപറേറ്റ്, വ്യവസായം തുടങ്ങിയ മന്ത്രാലയങ്ങളുടെ യോഗം നാളെ ചേരുന്നത്.
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുഘടന, ഇൻസോൾവൻസി ആൻഡ് ബാങ്കറപ്റ്റ്സി കോഡിലെ (ഐബിസി) ഭേദഗതികൾ, ഉടനടിയുള്ള സാന്പത്തിക വെല്ലുവിളികൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
കോവിഡ് കാലത്തു നടപ്പാക്കാതെ മാറ്റിവച്ച പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ആലോചനകളും നടക്കും. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സെക്രട്ടറിമാർ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് പുതിയ സർക്കാർ ഭരണത്തിൽ വരുന്പോൾ നൂറുദിന കർമപരിപാടികളിൽ ചർച്ച നടക്കും.
നിയമസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒഴിവുകൾ നികത്താനും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് ആവശ്യമായ പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്യും.