പാർലമെന്റ് സമുച്ചയത്തിന്റെ മുഖം മിനുക്കും
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു മുന്നോടിയായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖം മിനുക്കും. മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി പാർലമെന്റ് വളപ്പിൽ പലയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മഹാന്മാരുടെ പ്രതിമകൾ പ്രധാന കവാടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും.
ചില ഭിത്തികൾ പൊളിച്ചുനീക്കി പാർലമെന്റ് വളപ്പിൽ കൂടുതൽ തുറന്ന സ്ഥലങ്ങൾ ഒരുക്കും. പാർലമെന്റ് വളപ്പ് കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പുതിയ ലൈബ്രറിക്കു സമീപത്തായി ഗോൾഫ് കാർട്ട് (ഗോൾഫ് കാർ) പാർക്കിംഗ് നിർമിക്കും. ഈ ഗോൾഫ് കാർട്ടുകൾ ഉപയോഗിച്ച് പാർലമെന്റ് വളപ്പിനുള്ളിൽ യാത്രകൾ നടത്താം.
എംപിമാർക്ക് അവരുടെ വാഹനങ്ങൾ പാർലമെന്റ് വളപ്പിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവാദമുണ്ടായിരിക്കുകയില്ല. പാർലമെന്റ് പരിസരങ്ങളിൽ കൂടുതൽ തുറസായ സ്ഥലങ്ങൾ സൃഷ്ടിക്കുന്നതിന്റെയും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണു പുനർരൂപകല്പന. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്.
പാർലമെന്റ് സമുച്ചയത്തിൽ ആകെ 49 പ്രതിമകളാണുള്ളത്. രാം സുതാർ നിർമിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത് പഴയ പാർലമെന്റിനോടു ചേർന്നുള്ള പുൽത്തകിടിയിലാണ്. പ്രതിപക്ഷ എംപിമാരുടെ പ്രക്ഷോഭം നടക്കുന്ന പ്രധാന വേദിയാണ് ഇവിടം.
ഗാന്ധിജിയുടെ പ്രതിമയ്ക്കൊപ്പം പല മഹാന്മാരുടെ പ്രതിമകളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ പഴയ പാർലമെന്റിൽ സെന്റർ ഹാളിനു പുറത്തുള്ള നടുത്തളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു ചില പ്രതിമകൾ ലോബിയിലും സ്ഥാപിച്ചിട്ടുണ്ട്. പാർലമെന്റിന്റെ മിനുക്കുപണിയുടെ ഭാഗമായി ഈ പ്രതിമകളിൽ പലതിന്റെയും സ്ഥാനം മാറാനിടയുണ്ട്.
ഗാന്ധിജിയുടെ പ്രതിമ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് സ്ഥാപിക്കാനാണ് തീരുമാനം. അതുപോലെ അംബേദ്കറുടെ പ്രതിമയും പുതിയ പാർലമെന്റിന് മുഖാമുഖം സ്ഥാപിക്കാനാണു സാധ്യത. സെൻട്രൽ വിസ്താര പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നവീകരണ പ്രവർത്തനങ്ങൾ.