വിവരാവകാശ അപേക്ഷയിൽ മെല്ലെപ്പോക്ക്: തെരഞ്ഞെടുപ്പു കമ്മീഷനു വിമർശനം
Saturday, April 13, 2024 1:52 AM IST
ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്കു മറുപടി നല്കാൻ വിസമ്മതിച്ച തെരഞ്ഞെടുപ്പു കമ്മീഷനെ വിമര്‍ശിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷന് (സിഐസി).
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്ന വോട്ടർ വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സംവിധാനത്തിന്റെയും വിശ്വാസ്യത ചോദ്യംചെയ്ത് ഒരുസംഘം സാങ്കേതിക വിദഗ്ധരും വിദ്യാഭ്യാസപ്രമുഖരും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കൂട്ടായ്മയാണു തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.
2022 നവംബര്‍ 22 നാണ് സംഘത്തിനുവേണ്ടി മുന്‍ ഐഎഎസ് ഓഫീസറായ എം.ജി. ദേവഹസായം കമ്മീഷന് അപേക്ഷ നൽകിയത്.
മേയ് രണ്ടിന് പൗരപ്രമുഖർ സമർപ്പിച്ച നിർദേശങ്ങളിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. നിർദേശിക്കപ്പെട്ടിരുന്ന ഒരു മാസത്തിനുള്ളിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകാത്തതിനെത്തുടർന്ന് ദേവസഹായം കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.