ഡൽഹിയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ കേന്ദ്രനീക്കം: ആരോപണവുമായി എഎപി മന്ത്രി
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായി ഡൽഹി മന്ത്രി അതിഷി മർലേന. കേജരിവാൾ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായാണു നടപടിയെന്നും അവർ പറഞ്ഞു.
വിവിധ വകുപ്പുകളിൽ ഒഴിവുകളുണ്ടായിട്ടും ഡൽഹിയിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടേതടക്കം പല തസ്തികകളും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അരവിന്ദ് കേജരിവാളിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവില്ലാത്ത കേസിൽ മുൻ കാലങ്ങളിലെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് നടത്തിയിരിക്കുന്നതെന്നും അതിഷി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹിയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല. സ്ഥലംമാറ്റം നടക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സർക്കാർ യോഗത്തിൽ പോലും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ലെന്നും അതിഷി പറഞ്ഞു. കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ പുറത്താക്കി. പുതിയ ആരോപണങ്ങൾ പാർട്ടിക്കു നേരേ ഉയർത്തിക്കൊണ്ടുവരാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്നും അതിഷി ആരോപിച്ചു.
അതേസമയം, ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ലെന്ന ആംആദ്മി പാർട്ടിയുടെ ആരോപണത്തിനെതിരേ ബിജെപി രംഗത്തെത്തി. സെപ്റ്റംബർ മുതൽ മുഖ്യമന്ത്രി ലഫ്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.