തന്നെ ആക്രമിക്കുന്പോൾ കേജരിവാൾ വീട്ടിലുണ്ടായിരുന്നു; ആരോപണവുമായി സ്വാതി മലിവാൾ
സ്വന്തം ലേഖകൻ
Friday, May 24, 2024 6:32 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പിഎ വൈഭവ് കുമാർ തന്നെ ആക്രമിച്ചപ്പോൾ മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നുവെന്ന ആരോപണവുമായി ആംആദ്മി എംപി സ്വാതി മലിവാൾ. വൈഭവ് കുമാർ തന്നെ ആക്രമിച്ചപ്പോൾ തന്നെ രക്ഷിക്കാൻ ആരും വന്നില്ലെന്നും സ്വാതി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഭവം ചോദ്യംചെയ്തതോടെ വിഷയം രാഷ്ട്രീയവത്കരിച്ചെന്നും സ്വാതി ആരോപിച്ചു. താൻ ബിജെപിക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന് ആംആദ്മി പാർട്ടി പറഞ്ഞതായും സ്വാതി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ വൈഭവ് കുമാർ ക്രൂരമായി മർദിച്ചെന്നും താൻ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ആരും സഹായത്തിനെത്തിയില്ലെന്നും അവർ പറഞ്ഞു. സംഭവം അന്വേഷണ വിഷയമാണ്. താൻ ആർക്കും ക്ലീൻ ചിറ്റ് നൽകുന്നില്ല. -സ്വാതി പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട കേജരിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. തന്റെ പേരിലുള്ള കേസിലേക്ക് എന്തിനാണ് പ്രായാധിക്യമുള്ള മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നതെന്ന് കേജരിവാൾ ചോദിച്ചു. പ്രായമായവരെ ചോദ്യം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുണ്ടായെന്ന് എഎപി ആരോപിച്ചു.