പരാജയഭീതിയിൽ വെളിവുകേട് പറയുന്നു; പ്രധാനമന്ത്രിയെ ട്രോളി മമത
Saturday, May 25, 2024 2:14 AM IST
കോൽക്കത്ത: തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പു പരാജയ ഭീതിയിൽ ബിജെപി നേതാക്കൾ വെളിവുകേട് പറയുകയാണെന്ന് മോദിയെ പേരെടുത്തു പറയാതെ മമത പരിഹസിച്ചു.
സൗത്ത് 24 പർഗനാസ് ജില്ലയിലെ സുന്ദർബന്നിൽ തെരഞ്ഞെടുപ്പുറാലിയിലാണ് മോദിയെ ട്രോളി മമത രംഗത്തെത്തിയത്. “അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നത് താൻ ദൈവത്തിന്റെ പുത്രനാണെന്നാണ്. നമ്മളെപ്പോലെ അദ്ദേഹത്തിനു ജീവശാസ്ത്രപരമായി മാതാപിതാക്കളില്ല. അദ്ദേഹം പറയുന്നു തന്നെ ദൈവം അയച്ചതാണെന്ന്.
കലാപം സംഘടിപ്പിക്കാനും പരസ്യങ്ങളിലൂടെ കള്ളം പ്രചരിപ്പിക്കാനും എൻആർസിയുടെ പേരിൽ ആളുകളെ ജയിലിലടയ്ക്കാനും ദൈവം ആളുകളെ പറഞ്ഞയയ്ക്കുമോ? സിഎഎയുടെ പേരിൽ ഗുണ്ടായിസം കാണിക്കാനും തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ട് തടയാനും ദൈവം തന്റെ ദൂതനെ അയയ്ക്കുമോ? ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തിൽനിന്ന് ദൈവം പിന്മാറുമോ? ദൈവത്തിന് അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല” -മമത പരിഹസിച്ചു.