ആവേശമില്ലാതെ ആറാംഘട്ടവും
Sunday, May 26, 2024 1:02 AM IST
ന്യൂഡൽഹി: ആദ്യ അഞ്ചു ഘട്ടങ്ങളിലേതുപോലെ ആറാം ഘട്ട വോട്ടെടുപ്പിലും പോളിംഗിൽ ഇടിവ്. ഏഴു സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ ഇന്നലെ രാത്രി 9.30 വരെ ലഭിച്ച റിപ്പോർട്ടനുസരിച്ച് 59.62 ശതമാനമാണു പോളിംഗ്.
ഇതോടെ ആകെയുള്ള 543 സീറ്റുകളിൽ 486ലും വോട്ടെടുപ്പ് പൂർത്തിയായി. ഇനി 57 സീറ്റുകളിൽക്കൂടി വോട്ടെടുപ്പ് നടന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
ജൂൺ ഒന്നിനാണ് ഈ സീറ്റുകളിലേക്കുള്ള ഏഴാംഘട്ട തെരഞ്ഞെടുപ്പ്. ആറാംഘട്ടത്തിലും പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 78.20 ശതമാനം. ഏറ്റവും കുറവ് ജമ്മു-കാഷ്മീരിലും, 52.92 ശതമാനം.
തലസ്ഥാനനഗരിയായ ഡൽഹിയിൽ 55.85 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബിഹാർ-54.49 ശതമാനം, ജാർഖണ്ഡ്-63.27 ശതമാനം, ഉത്തർപ്രദേശ്-54.03 ശതമാനം, ഒഡീഷ-60.07 ശതമാനം, ഹരിയാന-59.28 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിംഗ് നില.
ഡൽഹി-7, ഹരിയാന-10, ബിഹാർ-8, പശ്ചിമബംഗാൾ-8, ഒഡീഷ-6, ജാർഖണ്ഡ്-4, ഉത്തർപ്രദേശ്-14, ജമ്മു-കാഷ്മീർ-1 എന്നിങ്ങനെ സീറ്റുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.
2019ലെ തെരഞ്ഞെടുപ്പിൽ ഈ 58 സീറ്റുകളിൽ 40 സീറ്റും ബിജെപിയായിരുന്നു നേടിയത്. എൻഡിഎ സഖ്യകക്ഷികൾ അഞ്ചു സീറ്റും നേടി. ഈ സീറ്റുകൾ നിലനിർത്താനായാൽ മാത്രമേ മാന്ത്രികസംഖ്യയിലേക്ക് ബിജെപിക്ക് കടക്കാനാകൂ.